Skip to content
1 ശമൂവേല്‍ 2:11-21

1 ശമൂവേല്‍ 2:11-21

11
പിന്നെ എല്ക്കാനാ രാമയിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവെക്കു ശുശ്രൂഷ ചെയ്തുപോന്നു.
12
എന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓൎക്കാത്തവരും ആയിരുന്നു.
13
ഈ പുരോഹിതന്മാർ ജനത്തോടു ആചരിച്ച വിധം എങ്ങനെയെന്നാൽ: വല്ലവരും ഒരു യാഗം കഴിക്കുമ്പോൾ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരൻ കയ്യിൽ മുപ്പല്ലിയുമായി വന്നു
14
കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതൻ എടുത്തുകൊള്ളും. ശീലോവിൽ വരുന്ന എല്ലായിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും.
15
മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരൻ വന്നു യാഗം കഴിക്കുന്നവനോടു: പുരോഹിതന്നു വറുപ്പാൻ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവൻ വാങ്ങുകയില്ല എന്നു പറയും.
16
മേദസ്സു ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്നു അവനോടു പറഞ്ഞാൽ അവൻ അവനോടു: അല്ല, ഇപ്പോൾ തന്നേ തരേണം; അല്ലെങ്കിൽ ഞാൻ ബലാല്ക്കാരേണ എടുക്കും എന്നു പറയും.
17
ഇങ്ങനെ ആ യൌവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.
18
ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു.
19
അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭൎത്താവിനോടുകൂടെ വൎഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവന്നു കൊണ്ടുവന്നു കൊടുക്കും.
20
എന്നാൽ ഏലി എല്ക്കാനയെയും അവന്റെ ഭാൎയ്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവെക്കു കഴിച്ച നിവേദ്യത്തിന്നു പകരം യഹോവ അവളിൽ നിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്കു പോയി.
21
യഹോവ ഹന്നയെ കടാക്ഷിച്ചു; അവൾ ഗൎഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളൎന്നുവന്നു.
Settings

Reading Style

Typeface

Font Size 19px

Options