1 കൊരിന്ത്യര്‍ 9:1-14
1
ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കൎത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കൎത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ?
2
മറ്റുള്ളവൎക്കു ഞാൻ അപ്പൊസ്തലൻ അല്ലെന്നുവരികിൽ എങ്ങനെയെങ്കിലും നിങ്ങൾക്കു ആകുന്നു; കൎത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.
3
എന്നെ വിധിക്കുന്നവരോടു ഞാൻ പറയുന്ന പ്രതിവാദം ഇതാകുന്നു.
4
തിന്നുവാനും കുടിപ്പാനും ഞങ്ങൾക്കു അധികാരമില്ലയോ?
5
ശേഷം അപ്പൊസ്തലന്മാരും കൎത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാൎയ്യയായോരു സഹോദരിയുമായി സഞ്ചരിപ്പാൻ ഞങ്ങൾക്കു അധികാരമില്ലയൊ?
6
അല്ല, വേല ചെയ്യാതിരിപ്പാൻ എനിക്കും ബൎന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?
7
സ്വന്ത ചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവൻ ആർ? ആട്ടിൻ കൂട്ടത്തെ മേയിച്ചു കൂട്ടത്തിന്റെ പാൽകൊണ്ടു ഉപജീവിക്കാതിരിക്കുന്നവൻ ആർ?
8
ഞാൻ ഇതു മനുഷ്യരുടെ മൎയ്യാദപ്രകാരമോ പറയുന്നതു? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?
9
“മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു?
10
അല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാൽ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ.
11
ഞങ്ങൾ ആത്മീകമായതു നിങ്ങൾക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താൽ വലിയ കാൎയ്യമോ?
12
മറ്റുള്ളവൎക്കു നിങ്ങളുടെ മേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്കു എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാൻ സകലവും പൊറുക്കുന്നു.
13
ദൈവാലയകൎമ്മങ്ങൾ നടത്തുന്നവർ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ?
14
അതുപോലെ കൎത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.
Settings