നെഹെമ്യാവ് 8:9-18
9
ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചുപോന്ന ലേവ്യരും സകലജനത്തോടും: ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവെക്കു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു കരകയും അരുതു എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ കരഞ്ഞുപോയിരുന്നു.
10
അനന്തരം അവർ അവരോടു: നിങ്ങൾ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങൾക്കായി വട്ടംകൂട്ടീട്ടില്ലാത്തവൎക്കു പകൎച്ച കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കൎത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു.
11
അവ്വണ്ണം ലേവ്യരും നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങൾ ദുഃഖിക്കരുതു എന്നു പറഞ്ഞു സൎവ്വജനത്തെയും സാവധാനപ്പെടുത്തി.
12
തങ്ങളോടു പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കയും പകൎച്ച കൊടുത്തയക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു.
13
പിറ്റെന്നാൾ സകലജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേൾക്കേണ്ടതിന്നു എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി.
14
യഹോവ മോശെമുഖാന്തരം കല്പിച്ച ന്യായപ്രമാണത്തിൽ: യിസ്രായേൽമക്കൾ ഏഴാം മാസത്തിലെ ഉത്സവത്തിൽ കൂടാരങ്ങളിൽ പാൎക്കേണം എന്നും എഴുതിയിരിക്കുന്നതുപോലെ
15
കൂടാരങ്ങൾ ഉണ്ടാക്കേണ്ടതിന്നു നിങ്ങൾ മലയിൽ ചെന്നു ഒലിവുകൊമ്പു, കാട്ടൊലിവുകൊമ്പു, കൊഴുന്തുകൊമ്പു, ഈന്തമടൽ, തഴെച്ച വൃക്ഷങ്ങളുടെ കൊമ്പു എന്നിവ കൊണ്ടുവരുവിൻ എന്നു തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ചു പ്രസിദ്ധപ്പെടുത്തേണമെന്നും എഴുതിയിരിക്കുന്നതായി അവർ കണ്ടു.
16
അങ്ങനെ ജനം ചെന്നു ഒരോരുത്തൻ താന്താന്റെ വീട്ടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീൎവ്വാതില്ക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതില്ക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി.
17
പ്രവാസത്തിൽ നിന്നു മടങ്ങിവന്നവരുടെ സൎവ്വസഭയും കൂടാരങ്ങൾ ഉണ്ടാക്കി കൂടാരങ്ങളിൽ പാൎത്തു; നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടു അന്നു ഏറ്റവും വലിയ സന്തോഷം ഉണ്ടായി.
18
ആദ്യദിവസം മുതൽ അവസാനദിവസംവരെ അവൻ ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾപ്പിച്ചു; അങ്ങനെ അവർ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings