ലേവ്യപുസ്തകം 17:1-12
1
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2
നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടതു എന്തെന്നാൽ: യഹോവ കല്പിച്ച കാൎയ്യം ആവിതു:
3
യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിൽവെച്ചെങ്കിലും പാളയത്തിന്നു പുറത്തുവെച്ചെങ്കിലും അറുക്കയും
4
അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പിൽ യഹോവെക്കു വഴിപാടായി അൎപ്പിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അതു അവന്നു രക്തപാതകമായി എണ്ണേണം; അവൻ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയേണം.
5
യിസ്രായേൽമക്കൾ വെളിമ്പ്രദേശത്തുവെച്ചു അൎപ്പിച്ചുവരുന്ന യാഗങ്ങളെ യഹോവെക്കു സമാധാനയാഗങ്ങളായി അൎപ്പിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണ്ടതാകുന്നു.
6
പുരോഹിതൻ അവയുടെ രക്തം സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവെക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.
7
അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്കു ഇനി തങ്ങളുടെ ബലികൾ അൎപ്പിക്കരുതു; ഇതു തലമുറതലമുറയായി അവൎക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
8
നീ അവരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാൎക്കുന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അൎപ്പിക്കയും
9
അതു യഹോവെക്കു അൎപ്പിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
10
യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാൎക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയും.
11
മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നതു.
12
അതുകൊണ്ടത്രേ നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുതു; നിങ്ങളുടെ ഇടയിൽ പാൎക്കുന്ന പരദേശിയും രക്തം ഭക്ഷിക്കരുതു എന്നു ഞാൻ യിസ്രായേൽ മക്കളോടു കല്പിച്ചതു.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings