യെഹെസ്കേല്‍ 30:10-19
10
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ കയ്യാൽ മിസ്രയീമിന്റെ പുരുഷാരത്തെ ഇല്ലാതാക്കും.
11
ദേശത്തെ നശിപ്പിക്കേണ്ടതിന്നു അവനെയും അവനോടുകൂടെ ജാതികളിൽ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവർ മിസ്രയീമിന്റെ നേരെ വാൾ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറെക്കും.
12
ഞാൻ നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാൎക്കു വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജാതികളുടെ കയ്യാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
13
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂൎത്തികളെ നോഫിൽനിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാൻ മിസ്രയീംദേശത്തു ഭയം വരുത്തും.
14
ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാന്നു തീ വെക്കും, നോവിൽ ന്യായവിധി നടത്തും.
15
മിസ്രയീമിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.
16
ഞാൻ മിസ്രയീമിന്നു തീ വെക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളൎന്നുപോകും; നോഫിന്നു പകൽസമയത്തു വൈരികൾ ഉണ്ടാകും.
17
ആവെനിലെയും പി-ബേസെത്തിലെയും യൌവനക്കാർ വാൾകൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.
18
ഞാൻ മിസ്രയീമിന്റെ നുകം ഒടിച്ചു അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോൾ തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
19
ഇങ്ങനെ ഞാൻ മിസ്രയീമിൽ ന്യായവിധികളെ നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.
Settings