Skip to content
ആവര്‍ത്തനം 28:8-32

ആവര്‍ത്തനം 28:8-32

8
യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും.
9
നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.
10
യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.
11
നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗൎഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധിനല്കും.
12
തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല.
13
ഞാൻ എന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയൎച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.
14
ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്തുടൎന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
15
എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും:
16
പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.
17
നിന്റെ കൊട്ടയും മാവുകുഴെക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.
18
നിന്റെ ഗൎഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും;
19
അകത്തു വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും.
20
എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികൾ നിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപോകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.
21
നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു മഹാമാരി പിടിപ്പിക്കും.
22
ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞു എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
23
നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.
24
യഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തിൽനിന്നു നിന്റെമേൽ പെയ്യും.
25
ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽനിന്നു ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായ്തീരും.
26
നിന്റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇര ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ
27
പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാൽ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.
28
ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും.
29
കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പോകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.
30
നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതിൽ പാൎക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.
31
നിന്റെ കാളയെ നിന്റെ മുമ്പിൽവെച്ചു അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽനിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകൾ ശത്രുക്കൾക്കു കൈവശമാകും; അവയെ വിടുവിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല.
32
നിന്റെ പുത്രന്മാരും പുത്രിമാരും അന്യജാതിക്കു അടിമകളാകും; നിന്റെ കണ്ണു ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options