ആവര്ത്തനം 28:44-68
44
അവർ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാൻ നിനക്കു ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും.
45
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുൎന്നു പിടിക്കയും ചെയ്യും.
46
അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.
47
സകല വസ്തുക്കളുടെയും സമൃദ്ധിഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു
48
യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വെക്കും.
49
യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയിൽനിന്നു, ഒരു ജാതിയെ കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
50
വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.
51
നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വീഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.
52
നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാപട്ടണങ്ങളിലും അവർ നിന്നെ നിരോധിക്കും.
53
ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗൎഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും.
54
നിന്റെ മദ്ധ്യേ മൃദുശരീരയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യൻ തന്റെ സഹോദരനോടും തന്റെ മാൎവ്വിടത്തിലെ ഭാൎയ്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും
55
ലുബ്ധനായി അവരിൽ ആൎക്കും താൻ തിന്നുന്ന തന്റെ മക്കളുടെ മാംസത്തിൽ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.
56
ദേഹമാൎദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാൽ നിലത്തുവെപ്പാൻ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാൎവ്വിടത്തിലെ ഭൎത്താവിന്നും തന്റെ മകന്നും മകൾക്കും തന്റെ കാലുകളുടെ ഇടയിൽനിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി
57
ശത്രു നിന്റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുൎല്ലഭത്വംനിമിത്തം അവൾ അവരെ രഹസ്യമായി തിന്നും.
58
നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ
59
യഹോവ നിന്റെമേലും നിന്റെ സന്തതിയുടെമേലും നീണ്ടുനില്ക്കുന്ന അപൂൎവ്വമായ മഹാബാധകളും നീണ്ടുനില്ക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും.
60
നീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവൻ നിന്റെമേൽ വരുത്തും; അവ നിന്നെ പറ്റിപ്പിടിക്കും.
61
ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത
62
സകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്റെമേൽ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രംപോലെ പെരുകിയിരുന്ന നിങ്ങൾ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേൾക്കായ്കകൊണ്ടു ചുരുക്കംപേരായി ശേഷിക്കും.
63
നിങ്ങൾക്കു ഗുണംചെയ്വാനും നിങ്ങളെ വൎദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിൎമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.
64
യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ സൎവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
65
ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.
66
നിന്റെ ജീവൻ നിന്റെ മുമ്പിൽ തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാൎക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.
67
നിന്റെ ഹൃദയത്തിൽ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടിനിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോൾ: സന്ധ്യ ആയെങ്കിൽ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തു: നേരം വെളുത്തെങ്കിൽ കൊള്ളായിരുന്നു എന്നും നീ പറയും.
68
നീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കൾക്കു അടിയാരും അടിയാട്ടികളുമായി വില്പാൻ നിൎത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല. ഹോരേബിൽവെച്ചു യിസ്രായേൽമക്കളോടു ചെയ്ത നിയമത്തിന്നും പുറമെ മോവാബ് ദേശത്തുവെച്ചു അവരോടു ചെയ്വാൻ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്റെ വചനങ്ങൾ ഇവ തന്നേ.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings