ആവര്‍ത്തനം 17:1-13
1
വല്ല ഊനമോ വിരൂപതയോ ഉള്ള കാളയെ എങ്കിലും ആടിനെ എങ്കിലും നിന്റെ ദൈവമായ യഹോവെക്കു യാഗം കഴിക്കരുതു; അതു നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.
2
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു പട്ടണത്തിലെങ്കിലും നിന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു അവന്റെ നിയമം ലംഘിക്കയും
3
ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂൎയ്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും
4
അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാൎയ്യം യഥാൎത്ഥവും എന്നു കണ്ടാൽ
5
ആ ദുഷ്ടകാൎയ്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.
6
മരണയോഗ്യനായവനെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുതു.
7
അവനെ കൊല്ലേണ്ടതിന്നു ആദ്യം സാക്ഷികളുടെയും പിന്നെ സൎവ്വജനത്തിന്റെയും കൈ അവന്റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
8
നിന്റെ പട്ടണങ്ങളിൽ കുലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങിനെയുള്ള ആവലാധികാൎയ്യങ്ങളിൽ വല്ലതും വിധിപ്പാൻ നിനക്കു പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ടു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകേണം.
9
ലേവ്യരായ പുരോഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്നു ചോദിക്കേണം; അവർ നിനക്കു വിധി പറഞ്ഞുതരും.
10
യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്നു അവർ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യേണം; അവർ ഉപദേശിച്ചുതരുന്നതുപോലെ ഒക്കെയും ചെയ്‌വാൻ ജാഗ്രതയായിരിക്കേണം.
11
അവർ ഉപദേശിച്ചുതരുന്ന പ്രമാണത്തിന്നും പറഞ്ഞുതരുന്ന വിധിക്കും അനുസരണയായി നീ ചെയ്യേണം; അവർ പറഞ്ഞുതരുന്ന വിധി വിട്ടു നീ ഇടത്തോട്ടൊ വലത്തോട്ടൊ മാറരുതു.
12
നിന്റെ ദൈവമായ യഹോവെക്കു അവിടെ ശുശ്രൂഷ ചെയുതുനില്ക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേൾക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാൽ അവൻ മരിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം.
13
ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന്നു ജനമെല്ലാം കേട്ടു ഭയപ്പെടേണം.
Settings