ആമോസ് 6:1-7
1
സീയോനിൽ സ്വൈരികളായി ശമൎയ്യാപൎവ്വതത്തിൽ നിൎഭയരായി ജാതികളിൽ പ്രധാനമായതിൽ ശ്രേഷ്ഠന്മാരായി യിസ്രായേൽഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങൾക്കു അയ്യോ കഷ്ടം.
2
നിങ്ങൾ കല്നെക്കു ചെന്നു നോക്കുവിൻ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിൻ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിൻ; അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ?
3
നിങ്ങൾ ദുൎദ്ദിവസം അകറ്റിവെക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.
4
നിങ്ങൾ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേൽ നിവിൎന്നു കിടക്കയും ആട്ടിൻകൂട്ടത്തിൽനിന്നു കുഞ്ഞാടുകളെയും തൊഴുത്തിൽനിന്നു പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.
5
നിങ്ങൾ വീണാനാദത്തോടെ വ്യൎത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.
6
നിങ്ങൾ കലശങ്ങളിൽ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.
7
അതുകൊണ്ടു അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിൎന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീൎന്നുപോകും.
Settings