Skip to content
2 ദിനവൃത്താന്തം 15:8-19

2 ദിനവൃത്താന്തം 15:8-19

8
ആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോൾ അവൻ ധൈൎയ്യപ്പെട്ടു, യെഹൂദയുടെയും ബെന്യാമിന്റെയും ദേശത്തുനിന്നൊക്കെയും എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻമുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.
9
പിന്നെ അവൻ എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമേയോനിൽനിന്നും അവരുടെ അടുക്കൽ വന്നുപാൎക്കുന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലിൽനിന്നു അനേകർ വന്നു അവനോടു ചേൎന്നു.
10
ഇങ്ങനെ അവർ ആസയുടെ വാഴ്ചയുടെ പതിനേഴാം ആണ്ടിൽ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി.
11
തങ്ങൾ കൊണ്ടുവന്ന കൊള്ളയിൽനിന്നു അവർ എഴുനൂറു കാളയെയും ഏഴായിരം ആടിനെയും അന്നു യഹോവെക്കു യാഗം കഴിച്ചു.
12
പിന്നെ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും കൂടെ അന്വേഷിച്ചുകൊള്ളാമെന്നും
13
ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.
14
അവർ മഹാഘോഷത്തോടും ആൎപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയോടു സത്യം ചെയ്തു.
15
എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവർ പൂൎണ്ണഹൃദയത്തോടെ സത്യം ചെയ്തു പൂൎണ്ണതാല്പൎയ്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ടു അവർ അവനെ കണ്ടെത്തുകയും യഹോവ അവൎക്കു ചുറ്റും വിശ്രമം നല്കുകയും ചെയ്തു.
16
ആസാരാജാവു തന്റെ അമ്മയായ മയഖയെയും അവൾ അശേരക്കു ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; അവളുടെ മ്ലേച്ഛവിഗ്രഹം ആസാ വെട്ടിത്തകൎത്തു കിദ്രോൻതോട്ടിങ്കൽവെച്ചു ചുട്ടുകളഞ്ഞു.
17
എന്നാൽ പൂജാഗിരികൾക്കു യിസ്രായേലിൽ നീക്കംവന്നില്ല; എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.
18
വെള്ളി, പൊന്നു, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻതന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവൻ ദൈവാലയത്തിലേക്കു കൊണ്ടുവന്നു.
19
ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല.
Settings

Reading Style

Typeface

Font Size 19px

Options