Skip to content
1 ദിനവൃത്താന്തം 5:18-26

1 ദിനവൃത്താന്തം 5:18-26

18
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‌വാനും പ്രാപ്തിയുള്ളവരും യുദ്ധസാമൎത്ഥ്യമുള്ളവരുമായ പടച്ചേവകർ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
19
അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു.
20
അവരുടെ നേരെ അവൎക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ചു അവനിൽ ആശ്രയം വെച്ചതുകൊണ്ടു അവൻ അവരുടെ പ്രാൎത്ഥന കേട്ടരുളി.
21
അവൻ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.
22
യുദ്ധം ദൈവഹിതത്താൽ ഉണ്ടായതുകൊണ്ടു അധികംപേർ ഹതന്മാരായി വീണു. അവർ പ്രവാസകാലംവരെ അവൎക്കു പകരം പാൎത്തു.
23
മനശ്ശെയുടെ പാതിഗോത്രക്കാർ ദേശത്തു പാൎത്തു ബാശാൻമുതൽ ബാൽ-ഹെൎമ്മോനും, സെനീരും, ഹെൎമ്മോൻ പൎവ്വതവും വരെ പെരുകി പരന്നു.
24
അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിതു: ഏഫെർ, യിശി, എലീയേൽ, അസ്ത്രീയേൽ, യിരെമ്യാവു, ഹോദവ്യാവു, യഹദീയേൽ; ഇവർ ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും ആയിരുന്നു.
25
എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹംചെയ്തു, ദൈവം അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേൎന്നു പരസംഗമായി നടന്നു.
26
ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂർരാജാവായ പൂലിന്റെയും അശ്ശൂർരാജാവായ തിഗ്ലത്ത്-പിൽനേസരിന്റെയും മനസ്സുണൎത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും ഇരിക്കുന്നു.
Settings

Reading Style

Typeface

Font Size 19px

Options