1 ദിനവൃത്താന്തം 23:24-32
24
ഇവർ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാർ; അവർ ഇരുപതു വയസ്സുമുതൽ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു.
25
യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ.
26
ആകയാൽ ലേവ്യൎക്കു ഇനി തിരുനിവാസവും അതിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ ഒന്നും ചുമപ്പാൻ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു.
27
ദാവീദിന്റെ അന്ത്യകല്പനകളാൽ ലേവ്യരെ ഇരുപതു വയസ്സുമുതൽ മേലോട്ടു എണ്ണിയിരുന്നു.
28
അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി പ്രാകാരങ്ങളിലും അറകളിലും സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും
29
കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിൎക്കുന്നതായും അൎപ്പിക്കുന്ന ഭോജനയാഗത്തിന്നുള്ള നേരിയമാവും സകലവിധ പരിമാണവും അളവും നോക്കുന്നതും
30
രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനില്ക്കുന്നതും
31
യഹോവെക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിന്നനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അൎപ്പിക്കുന്നതും
32
സമാഗമനകൂടാരത്തിന്റെ കാൎയ്യവും വിശുദ്ധസ്ഥലത്തിന്റെ കാൎയ്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാൎയ്യവും വിചാരിക്കുന്നതും തന്നേ.
Settings