യിരെമ്യാവ് 15:1-9
1
യഹോവ എന്നോടു അരുളിച്ചെയ്തതു: മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സു ഈ ജനത്തിങ്കലേക്കു ചായ്കയില്ല; ഇവരെ എന്റെ മുമ്പിൽനിന്നു ആട്ടിക്കളക; അവർ പോയ്ക്കൊള്ളട്ടെ.
2
ഞങ്ങൾ എവിടേക്കു പോകേണ്ടു എന്നു അവർ നിന്നോടു ചോദിച്ചാൽ നീ അവരോടു: മരണത്തിന്നുള്ളവർ മരണത്തിന്നും വാളിന്നുള്ളവർ വാളിന്നും ക്ഷാമത്തിന്നുള്ളവർ ക്ഷാമത്തിന്നും പ്രവാസത്തിന്നുള്ളവർ പ്രവാസത്തിന്നും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
3
കൊന്നുകളവാൻ വാളും പറിച്ചുകീറുവാൻ നായ്ക്കളും തിന്നു മുടിപ്പാൻ ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഇങ്ങനെ നാലു വകയെ ഞാൻ അവരുടെ നേരെ നിയമിക്കും എന്നു യഹോവയുടെ അരുളപ്പാടു.
4
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തം തന്നേ, ഞാൻ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീൎക്കും.
5
യെരൂശലേമേ, ആൎക്കു നിന്നോടു കനിവുതോന്നുന്നു? ആർ നിന്നോടു സഹതാപം കാണിക്കും? നിന്റെ ക്ഷേമം ചോദിപ്പാൻ ആർ കയറിവരും?
6
നീ എന്നെ ഉപേക്ഷിച്ചു പിൻവാങ്ങിയിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; അതുകൊണ്ടു ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ നശിപ്പിക്കും; ഞാൻ കരുണ കാണിച്ചു മടുത്തിരിക്കുന്നു.
7
ദേശത്തിന്റെ പടിവാതിലുകളിൽ ഞാൻ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചു: എങ്കിലും അവർ തങ്ങളുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.
8
അവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ പെരുകിക്കാണുന്നു; യൌവനക്കാരന്റെ അമ്മയുടെ നേരെ ഞാൻ നട്ടുച്ചെക്കു ഒരു വിനാശകനെ വരുത്തി പെട്ടന്നു അവളുടെ മേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു.
9
ഏഴു മക്കളെ പ്രസവിച്ചവൾ ക്ഷീണിച്ചു പ്രാണനെ വിട്ടിരിക്കുന്നു; അവളുടെ സൂൎയ്യൻ പകൽ തീരുംമുമ്പെ അസ്തമിച്ചുപോയി; അവൾ ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; അവരിൽ ശേഷിപ്പുള്ളവരെ ഞാൻ അവരുടെ ശത്രുക്കൾക്കു മുമ്പിൽ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Settings