യെശയ്യാവ് 51:9-23
9
യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊൾക; പൂൎവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസൎപ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?
10
സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നേ, വറ്റിച്ചുകളകയും വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിന്നു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?
11
യഹോവയുടെ വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും.
12
ഞാൻ, ഞാൻ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ മരിച്ചുപോകുന്ന മൎത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആർ?
13
ആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകൻ നശിപ്പിപ്പാൻ ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്തു?
14
പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ കുണ്ടറയിൽ മരിക്കയില്ല; അവന്റെ ആഹാരത്തിന്നു മുട്ടുവരികയുമില്ല.
15
തിരകൾ അലറുവാൻ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം.
16
ഞാൻ ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടു: നീ എന്റെ ജനം എന്നു പറകയും ചെയ്യേണ്ടതിന്നു ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ ആക്കി എന്റെ കയ്യുടെ നിഴലിൽ നിന്നെ മറെച്ചിരിക്കുന്നു.
17
യഹോവയുടെ കയ്യിൽ നിന്നു അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്ക; നീ പരിഭ്രമത്തിന്റെ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു.
18
അവൾ പ്രസവിച്ച സകലപുത്രന്മാരിലുംവെച്ചു അവളെ വഴിനടത്തുന്നതിന്നു ഒരുത്തനും ഇല്ല; അവൾ വളൎത്തിയ എല്ലാമക്കളിലുംവെച്ചു അവളെ കൈക്കുപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന്നു ആരുമില്ല.
19
ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോടു ആർ സഹതാപം കാണിക്കും? ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ?
20
നിന്റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവർ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭൎത്സനവും കൊണ്ടു നിറഞ്ഞിരിക്കുന്നു.
21
ആകയാൽ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊൾക.
22
നിന്റെ കൎത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കയ്യിൽ നിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;
23
നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യിൽ ഞാൻ അതു കൊടുക്കും അവർ നിന്നോടു: കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവൎക്കു നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടി വന്നു.
Settings