ഉല്‍പത്തി 44:1-12
1
അനന്തരം അവൻ തന്റെ ഗൃഹവിചാരകനോടു: നീ ഇവരുടെ ചാക്കിൽ പിടിപ്പതു ധാന്യം നിറച്ചു, ഓരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വെക്കുക.
2
ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വെക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു.
3
നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു.
4
അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടു: എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോടു: നിങ്ങൾ നന്മെക്കു പകരം തിന്മ ചെയ്തതു എന്തു?
5
അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നതു? അതിനാലല്ലയോ ലക്ഷണം നോക്കുന്നതു? നിങ്ങൾ ഈ ചെയ്തതു ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു.
6
അവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു.
7
അവർ അവനോടു പറഞ്ഞതു: യജമാനൻ ഇങ്ങനെ പറയുന്നതു എന്തു? ഈ വക കാൎയ്യം അടിയങ്ങൾ ഒരുനാളും ചെയ്കയില്ല.
8
ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട ദ്രവ്യം ഞങ്ങൾ കനാൻദേശത്തുനിന്നു നിന്റെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ നിന്റെ യജമാനന്റെ വീട്ടിൽനിന്നു വെള്ളിയും പൊന്നും മോഷ്ടിക്കുമോ?
9
അടിയങ്ങളിൽ ആരുടെ പക്കൽ എങ്കിലും അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന്നു അടിമകളായിക്കൊള്ളാം.
10
അതിന്നു അവൻ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അതു ആരുടെ പക്കൽ കാണുന്നുവോ അവൻ എനിക്കു അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.
11
അവർ ബദ്ധപ്പെട്ടു ചാക്കു നിലത്തു ഇറക്കി: ഓരോരുത്തൻ താന്താന്റെ ചാക്കു അഴിച്ചു.
12
അവൻ മൂത്തവന്റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ ശോധന കഴിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു.
Settings