Skip to content
1 ശമൂവേല്‍ 12:6-18

1 ശമൂവേല്‍ 12:6-18

6
അപ്പോൾ ശമൂവേൽ ജനത്തോടു പറഞ്ഞതെന്തെന്നാൽ: മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും ചെയ്തവൻ യഹോവ തന്നേ.
7
ആകയാൽ ഇപ്പോൾ ഒത്തുനില്പിൻ; യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാൎക്കും ചെയ്തിട്ടുള്ള സകലനീതികളെയും കുറിച്ചു ഞാൻ യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും.
8
യാക്കോബ് മിസ്രയീമിൽ ചെന്നു പാൎത്തു; അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവർ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു ഈ സ്ഥലത്തു പാൎക്കുമാറാക്കി.
9
എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോൾ അവൻ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും ഫെലിസ്ത്യരുടെ കയ്യിലും മോവാബ്‌രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവർ അവരോടു യുദ്ധം ചെയ്തു.
10
അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ യഹോവയെ ഉപേക്ഷിച്ചു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു പാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കേണമേ; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും എന്നു പറഞ്ഞു.
11
എന്നാറെ യഹോവ യെരുബ്ബാൽ, ബെദാൻ, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങൾ നിൎഭയമായി വസിച്ചു.
12
പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരെ വരുന്നതു നിങ്ങൾ കണ്ടപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു രാജാവായിരിക്കെ നിങ്ങൾ എന്നോടു: ഒരു രാജാവു ഞങ്ങളുടെമേൽ വാഴേണം എന്നു പറഞ്ഞു.
13
ഇപ്പോൾ ഇതാ, നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു; യഹോവ നിങ്ങൾക്കു ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.
14
നിങ്ങൾ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സേവിച്ചു അവന്റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേൎന്നിരിക്കയും ചെയ്താൽ കൊള്ളാം.
15
എന്നാൽ നിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാൎക്കു വിരോധമായിരുന്നതുപോലെ നിങ്ങൾക്കും വിരോധമായിരിക്കും.
16
ആകയാൽ ഇപ്പോൾ നിന്നു യഹോവ നിങ്ങൾ കാൺകെ ചെയ്‌വാൻ പോകുന്ന ഈ വലിയ കാൎയ്യം കണ്ടുകൊൾവിൻ.
17
ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോടു അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങൾ അതിനാൽ കണ്ടറിയും.
18
അങ്ങനെ ശമൂവേൽ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.
Settings

Reading Style

Typeface

Font Size 19px

Options